ബലഹീനതയില്‍ തികഞ്ഞുവരുന്നതാന് ദൈവത്തിന്‍റെ കൃപ എന്നത് ...
തിരുവല്ല : സ്വന്തം അപര്യാപ്തതകളെ ദൈവകൃപകൊണ്ടു മറികടക്കാനാകുമെന്നും അതു ബലഹീനതയില്‍ തികഞ്ഞുവരുന്നതാണെന്നും ഡോ. ഏഴംകുളം സാംകുട്ടി. ഇന്ത്യാ ദൈവസഭ സ്റ്റേറ്റ് കണ്‍വന്‍ഷന്റെ സമാപന രാത്രിയില്‍ റോമര്‍ 5:1,2 വാക്യങ്ങള്‍ ആധാരമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തില്‍ ഏഴ് അത്ഭുതങ്ങള്‍ ഉണ്ട്. എന്നാല്‍ ആത്മിക മണ്ഡലത്തിലെ ഏറ്റവും വലിയ അത്ഭുതം ദൈവകൃപയാണ്. അശുദ്ധനായ ഒരുവനെ അശുദ്ധമായ ലോകത്തില്‍ നിന്നു വീണ്ടെടുത്ത് അശുദ്ധമായ ഈ ലോകത്തില്‍ വിശുദ്ധനായി നിര്‍ത്തുന്നതാണ് ദൈവകൃപ. പിന്പന്മാരെ മുന്പന്മാരാക്കുന്നതാണ് ദൈവകൃപ. വിശുദ്ധ പൗലൊസ് നേത്രരോഗത്താല് വളരെയധികം കഷ്ടപ്പെട്ടുവെങ്കിലും അദ്ദേഹം എഴുതിയിടത്തോളം ലേഖനങ്ങള്‍ മറ്റാരും എഴുതിയിട്ടില്ല -അദ്ദേഹം പറഞ്ഞു.
ഒരുവന്റെ ബലഹീനതയില്‍ തികവ് നല്‍കുന്നതാണ് ദൈവകൃപ. പൗലോസ് അപ്പൊസ്തലന് രോഗിയായിരുന്നിട്ടും അദ്ദേഹം കരം വെച്ച് പ്രാര്‍ഥിച്ചപ്പോള്‍ നിരവധി രോഗികള്‍ സൗഖ്യമായി. വിശുദ്ധ പൗലൊസിനെയും കുക്കുസായിപ്പിനെയും ഒക്കെ ശക്തീകരിച്ചതു ദൈവകൃപയാണ്. സ്വന്തം പോരായ്മകളെ അതിജീവിച്ച് മുന്നേറണമെങ്കില്‍ ഓരോ ക്രൈസ്തവനും ദൈവകൃപ ആവശ്യമാണെന്നും ഡോ. സാംകുട്ടി പറഞ്ഞു.
പാസ്റ്റര്‍ തോമസ് പുളിവേലില്‍ അധ്യക്ഷത വഹിച്ചു. കുക്ക് സായിപ്പിന്റെ ഭാരതപ്രവേശനത്തിന്റെ നൂറാം വാര്‍ഷികാഘോഷം ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവര്‍സീയര്‍ പാസ്റ്റര്‍ പി.ജെ.ജയിംസ് ഉദ്ഘാടനം ചെയ്തു. ഐപിസി ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ ആശംസ പറഞ്ഞു. സഭാ - വിഭാഗവ്യത്യാസമെന്യെ എല്ലാവരും പരിശുദ്ധാത്മ ശക്തിയാല്‍ ഉണര്ത്തപ്പെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.